2024, ഏപ്രിൽ 2, ചൊവ്വാഴ്ച

അല്പലാഭം പെരും ചേതം

പണത്തിൻറെ കുറവാണ് എന്നെ പലപ്പോഴും ലാഭം തേടാൻ പ്രേരിപ്പിക്കുന്നത്. പ്ലസ്ടുവിന് കൂടെ പഠിച്ചവർ എന്നതിനപ്പുറം മറ്റുള്ളവരെക്കാൾ കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം എന്നതാണ് ഏറ്റുമാനൂരുള്ള ഗ്രീൻ പ്ലാനറ്റ് എന്ന സ്ഥാപനത്തിൽ തപോവനതിന്റെ വർക് കൊടുക്കാൻ കാരണം .

പറഞ്ഞ തുക അണുവിട വിടാതെ സമയാസമയം കൊടുക്കുകയും ചെയ്തു. വീടു പണി പുരോഗമിക്കവേ പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും നടന്നു. കൃത്യസമയത്തു ആഹാരം കഴിക്കാനോ ഉറങ്ങാനോ ജോലി ചെയ്യാനോ പറ്റാതെ ഇരുന്ന എൻ്റെ അവസ്ഥയിലും കൃത്യമായ പൈസ അവർക്കു കൊടുത്തു അവരെ വിശ്വസിച്ചു. 

മാർച്ച് 2023ൽ എറണാകുളത്തു നിന്നു ഇവിടെ തപോവനത്തിലേക്കു വരുമ്പോൾ പ്രതീക്ഷിച്ചതല്ല എന്നെ വരവേറ്റത്. വീടിൻറെ അകം എല്ലാം അലങ്കോലം ആയിരുന്നു. ചോദിച്ചപ്പോൾ ഇങ്ങോട്ടു ന്യായങ്ങൾ ആയി, ഞാൻ നേരത്തെ വന്നത് കൊണ്ടാണ് എന്ന്. ഇവരുടെ ഒക്കെ വാക്ക് കേട്ട് വിശ്വസിച്ചു കാശും കൊടുത്ത ഞാൻ മണ്ടനായ പോലെ.

ഇത് ഒരു തുടക്കം മാത്രമായിരുന്നു. അവരുടെ പണിയുടെ അപാകതകൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ആശിച്ചു മോഹിച്ചു വെച്ച ബാത്ത് ടബ്ബിൽ താക്കോൽ കയ്യിൽ കിട്ടിയ അന്ന് മുതൽ കറയാണ്. ചോദിച്ചപ്പോൾ അത് എന്റെ തലയിലേക്ക് ഇട്ടു. ആറു മാസമായിട്ടു അതിനു പരിഹാരമില്ല. അടുക്കളയിലെ സിങ്ക് ചോർന്നിട്ടു വേറെ ആളാണ് അത് ശെരിയാക്കി തന്നത്. 

ഇതിലും അത്ഭുതം അവരൊട്ടിച്ച ചുവന്ന ഓടാണ് . ജൂൺ  മാസം, അതായതു വീടിന്റെ താക്കോൽ തന്നിട്ട് മൂന്ന് മാസം തികയുന്നതിനു മുൻപേ അത് അടർന്നു വീണു. തങ്കൻ കിടക്കുന്നതിന്റെ തൊട്ടടുത്താണ് അത് വീണത്.  ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അവന്റെ തലയിലോ ദേഹത്തോ വീണേനെ. സംരക്ഷണം ആകേണ്ട വീട് ഒരു മരണക്കെണി ആയപോലെ. ഈ പ്രശ്നം നടന്ന അന്ന് ഈ ജില്ലയിൽ തന്നെ ഉണ്ടായിട്ടും അവരാരും ഈ വഴി വന്നിട്ട് ഇല്ല. അവർക്കെല്ലാം തങ്കൻ വെറും ഒരു പട്ടിയാകാം, പക്ഷെ എനിക്ക് അങ്ങനെ അല്ലല്ലോ. വില കുറഞ്ഞ  പശ ഉപയോഗിച്ചതുകൊണ്ടു  സംഭവിച്ചതാണ്. എന്നും ഇവരുടെ വീരവാദം, സുഹൃത്ത് ബന്ധത്തിൻറെ പേരിൽ പലതും ചെയ്തു എന്നാണ്. എന്താണ് ഇവർ ചെയ്തത്, ലാഭം ഏതുമില്ലാതെ ഇത് ചെയ്തു എന്ന് വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ. ലാഭം കുറച്ചു കാണാം, എന്നാലും ലാഭമേ ഇല്ല എന്ന കാലവും സുഹൃത് ബന്ധത്തിന്റെ മറവും എത്രകാലം പിടിച്ചു നിൽകാം. കച്ചവടം എന്നും ലാഭത്തിനു മാത്രം ആണ്. ഇവരോട് ഇതേ കുറിച്ചു ചോദിച്ചാൽ ഇവരെക്കാളും മോശമായ ആളുകളെ ചൂണ്ടി കാണിക്കും. എന്നാൽ ഇവരെക്കാൾ നല്ല ആളുകളും ഉണ്ട് എന്നത് ഇവർ മനഃപൂർവം മറക്കുന്നു.

കാശ് മേടിക്കാൻ നേരം മാത്രം കൃത്യമായി വരുന്നുണ്ടലൊ, ആരുടെയും ഔദാര്യത്തിനു അല്ലാലോ. കട്ടോ, മോഷിടിച്ചോ, നികുതി വെട്ടിച്ചോ, അപ്പൻ അപ്പൂപ്പന്മാരുടെ വീതമോ ആയി കിട്ടിയ കാശല്ല. കഷ്ടപ്പെട്ട് പണിയെടുത്തു ഉണ്ടാക്കിയ കാശാണ്. അത് എന്തിന്റെ പേരിൽ ആര് നശിപ്പിച്ചാലും എനിക്കതു കൊള്ളും.  കാരണം അതിന്റെ പിന്നിലെ അധ്വാനം എൻ്റെ ആണ്.

ഇത്രയും ചെയ്തിട്ട് ഇവരുടെ ഒക്കെ സമയത്തിന് വേണ്ടി നമ്മൾ ഓച്ഛാനിച്ചു നിൽക്കേണ്ട അവസ്ഥയാണ്. കൊടുത്ത പൈസക്കാണ് ബില്ലും ഇല്ല, ചെയ്ത പണിക്കു പ്രശ്നങ്ങളും. ഇങ്ങനെ ഒക്കെ ചെയ്ത പൈസ കൊണ്ട് ഇവർക്കെങ്ങനെ സമാധാനമായി ജീവിക്കാൻ പറ്റുന്നു, ഈ ചതിയുടെ വറ്റുകൾ എങ്ങനെ അവരുടെ കുട്ടികൾക്ക് കൊടുക്കാൻ തോന്നുന്നു . ഇവരെ ഒന്നും ഈ പറഞ്ഞ കർമ്മ എന്നത് ബാധിക്കുന്നില്ല. 

ഇതേ പോലെ തന്നെയല്ലേ രാഷ്ട്രീയക്കാരും ചെയ്യുക, ചോദിച്ചാൽ രണ്ടു റോഡും പാലവും കാണിക്കാം. അതിൽ തന്നെ എത്രയെണ്ണത്തിനു കരാർ പ്രകാരം പറഞ്ഞ ഗുണനിലവാരം ഉണ്ടെന്നു പറഞ്ഞ പോലെ. 

പറഞ്ഞു വന്നത് സ്വന്തമെന്നോ സൗഹൃതമെന്നോ പറഞ്ഞു നമ്മളുടെ കാശ് മറ്റൊരുത്തനു കൊടുക്കുമ്പോൾ നാം നൂറു വട്ടം ചിന്തിക്കണം. നമ്മളുടേതു പോലെ നമ്മളുടെ കാര്യം നമ്മൾ മാത്രമേ നോക്കുകയുള്ളു.